11:38pm 25 May 2026
NEWS
ഉന്നതതല എസ്ഐടി അന്വേഷണം നീക്കുമോ ധർമ്മസ്ഥലയെ ചുറ്റിപ്പറ്റി ഉയർന്ന ദുരൂഹതകൾ?
21/07/2025  11:25 AM IST
വിഷ്ണുമംഗലം കുമാർ
ഉന്നതതല എസ്ഐടി അന്വേഷണം നീക്കുമോ ധർമ്മസ്ഥലയെ ചുറ്റിപ്പറ്റി ഉയർന്ന ദുരൂഹതകൾ

 ബംഗളുരു: ചരിത്രപ്രസിദ്ധമായ ധർമ്മസ്ഥല ശ്രീ മഞ്ജുനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങൾ അതീവ ഗുരുതരവും ഭയമുളവാക്കുന്നതുമാണ്. 1995- 2014 കാലയളവിൽ നൂറിലേറെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ ക്ഷേത്രപരിസരത്ത്‌ രഹസ്യമായി മറവുചെയ്തിട്ടുണ്ടെന്നാണ്, ക്ഷേത്രത്തിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഒരാൾ ഏതാനും ദിവസം മുമ്പ് വെളിപ്പെടുത്തിയത്. താത്കാലിക ജീവനക്കാരനായിരുന്ന അയാൾ ക്ഷേത്രനഗരം വിട്ടുപോയിരുന്നു. പിന്നീട് തിരിച്ചെത്തി ധർമ്മസ്ഥല പോലീസിൽ പരാതി നൽകുകയായിരുന്നു. ലൈംഗികാതിക്രമത്തിന് വിധേയരായി കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളാണ് ക്ഷേത്രത്തിലെ ചില ഭാരവാഹികളുടെ നിർദ്ദേശാനുസരണം മറവുചെയ്തതെന്നും പശ്ചാത്താപം കൊണ്ടാണ് ഇപ്പോൾ അക്കാര്യം വെളിപ്പെടുത്തുന്നതെന്നും അയാൾ വ്യക്തമാക്കിയിരുന്നു. ഏതാനും സ്ത്രീകളെയും കോളേജ് വിദ്യാർഥിനികളെയും ആ കാലയളവിൽ ക്ഷേത്രനഗരിയിൽ നിന്ന് കാണാതായിട്ടുണ്ട്. അതേപറ്റിയുള്ള പരാതികൾ ധർമ്മസ്ഥലയിലെയും മറ്റും പോലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ട്. അവയെക്കുറിച്ചുള്ള അന്വേഷണം എവിടെയും എത്തിയിട്ടില്ലതാനും. ആ സാഹചര്യത്തിലാണ് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പ്രാധാന്യം കൈവരുന്നത്. മജിസ്‌ട്രേറ്റ് മുമ്പാകെ 164 പ്രകാരം രഹസ്യമൊഴിയും അയാൾ നൽകിയിട്ടുണ്ട്. അയാൾ പക്ഷെ പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടില്ല. അയാൾ ഒളിവിൽ പോയതാണോ അതല്ല മുകളിൽ നിന്നുള്ള നിർദ്ദേശപ്രകാരം പോലീസ് അയാളെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയതാണോ എന്ന് വ്യക്തമല്ല. വെളിപ്പെടുത്തൽ സ്ഫോടനാത്മകമായതിനാൽ വാർത്ത പ്രചരിക്കുന്നത് തടയാനാണ് ഗവണ്മെന്റ് ശ്രമിച്ചത്. സുപ്രീംകോടതി മുൻ ജഡ്ജി ഗോപാലഗൗഡയും ഏതാനും അഭിഭാഷകരും ചില സംഘടനകളും ഈ ആരോപണത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയ്‌ക്ക് നിവേദനം നൽകിയിരുന്നു. സംസ്ഥാന വനിതാ കമ്മീഷൻ ഇതിനായി കത്തെഴുതുകയും ചെയ്തിരുന്നു. ആ സാഹചര്യത്തിൽ അതേ കുറിച്ച് അന്വേഷിക്കാൻ ഉന്നതതല പ്രത്യേകസംഘത്തെ( എസ് ഐ ടി)നിയോഗിച്ചിരിക്കുകയാണ് ഗവണ്മെന്റ്. ഡി ജിപി പ്രണബ് മൊഹന്തിയാണ് സംഘത്തലവൻ. ആഭ്യന്തര സുരക്ഷാവിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഇദ്ദേഹം അനുഭവസമ്പന്നനായ പോലീസ് ഓഫീസറാണ്. ഡി ഐ ജി അനു ചേദ്, മറ്റു പദവിയിലുള്ള ഐ പി എസുകാരായ സൗമ്യലത, ജിദേ ന്ദ്രകുമാർ ദയാമ എന്നിവരും എസ് ഐ ടി നേതൃത്വത്തിലുണ്ട്. ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിച്ച ഓഫീസറാണ് അനുചേദ്. അതുപോലെ ഈയ്യിടെ ബിജെപി എം എൽ എ മുനിരത്നയ്‌ക്ക് എതിരായ ലൈംഗിക പീഡനക്കേസ് അന്വേഷിച്ചത് സൗമ്യലതയാണ്. ലോകതലത്തിൽ വിവാദമായിരിക്കുന്ന ധർമ്മസ്ഥല എപ്പിസോഡിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ എസ് ഐ ടി പുറത്തുകൊണ്ടുവരുമെന്ന് കരുതാം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img